പാലക്കാട്: സർക്കാരിന്‍റെ അനധികൃത നിയമനങ്ങളെയും ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണത്തെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാർ സമരപ്പന്തൽ സന്ദർശിച്ച് പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം അറിയിച്ച ശേഷമാണ് രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്. തോമസ് ഐസക്കിന് സമരങ്ങളോട് അലർജിയും പുച്ഛവുമാണ്. എൽഡിഎഫിന് ഭരണം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ സമര ജീവികൾ എന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
യുവാക്കളുടെ സമരത്തെ യു.ഡി.എഫ് പൂർണമായും പിന്തുണയ്ക്കും. മുഖ്യ വിവരാവകാശ സ്ഥാനത്തേക്കുള്ള വിശ്വാസ് മേത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായും ചെന്നിത്തല അറിയിച്ചു. വാളയാർ കേസിൽ അരിവാൾ പാർട്ടിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വാളയാറിലെ കുട്ടികളുടെ കുടുംബത്തോട് സർക്കാർ ചെയ്യുന്നത് ക്രൂരതയാണെന്നും ചെന്നിത്തല ആരോപിച്ചു.