പാലക്കാട്: തങ്കം ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ മരിച്ച കാർത്തികയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ള ശ്രമം പരാജയപ്പെട്ടതാണ് കാർത്തികയുടെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാർത്തികയുടെ മരണത്തിലെ ചികിത്സാപിഴവിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
അത്യാധുനിക വീഡിയോ ലാരിഞ്ചോസ്കോപ് (ട്യൂബ് ഇടാൻ സഹായിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ച് ട്യൂബ് ഇറക്കാനാണ് ഡോക്‌ടർമാർ ശ്രമിച്ചത്. ഇതിലെ അപാകതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം പറയാനാകുകയുള്ളുവെന്ന് ഡോക്‌ടർമാർ പറഞ്ഞു.
കൃത്യമായ മരണകാരണം കണ്ടെത്താൻ കാർത്തികയുടെ ആന്തരിക അവയവങ്ങൾ പരിശോധന നടത്തും. ജില്ല ആശുപത്രിയിൽ അടുത്ത ദിവസം തന്നെ പരിശോധനയുണ്ടാകും. ഇതിലൂടെ കൃത്യമായ മരണകാരണം ലഭിക്കുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
READ MORE: പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചികിത്സാപിഴവെന്ന് ബന്ധുക്കൾ
304-എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതിൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം. സങ്കീർണമായേക്കാവുന്ന ശ്വാസകോശത്തിലേക്കുള്ള ട്യൂബ് ഇടൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്.
അമ്മയും കുഞ്ഞും മരിച്ച സംഭവം: അതേസമയം തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും (ഐശ്വര്യ) കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്‌ടർമാരെ ചോദ്യം ചെയ്യും. ഐശ്വര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പാലക്കാട് ഡിവൈഎസ്‍പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
പ്രതി ചേർക്കപ്പെട്ട ഗൈനക്കോളജിസ്റ്റുമാരായ ഡോ. പ്രിയദർശിനി, ഡോ. അജിത്ത് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇരുവരുടെയും പേരിൽ മനപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും.
ഐശ്വര്യയുടെ ബന്ധുക്കളിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണത്തിനായി ജില്ല മെഡിക്കൽ ബോർഡ് രൂപവൽകരിക്കാൻ ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ജില്ല മെഡിക്കൽ ഓഫിസർ കെ.പി റീത്തയുടെ നേതൃത്വത്തിൽ തങ്കം ആശുപത്രിയിൽ നിന്ന് ശേഖരിച്ചു.