പാലക്കാട്: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. 744 ചതുരശ്ര കിലോമീറ്റർ വരുന്ന അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, അഗളി, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ, അഗളി, കള്ളമല, പാടവയൽ, പുതൂർ, കോട്ടത്തറ, ഷോളയൂർ എന്നീ വില്ലേജുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അട്ടപ്പാടി താലൂക്ക്.
192 ആദിവാസി ഊരുകളുള്ള മേഖലകൂടിയാണ് അട്ടപ്പാടി. പ്രാക്തന ഗോത്ര വിഭാഗങ്ങളായ ഇരുള, കുറുമ്പ,മുഡുക വിഭാഗക്കാരാണ് ഇവിടങ്ങളിൽ അധികവും. പുതിയ താലൂക്ക് ഇവരുടെ സംരക്ഷണത്തിന് കൂടുതൽ ഫലവത്താവും. ഏതൊരാവശ്യത്തിനും ചുരമിറങ്ങി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥ താലൂക്ക് രൂപീകരണത്തോടെ ഇല്ലാതാകും. ട്രൈബൽ താലൂക്കായാണ് അട്ടപ്പാടിയെ പരിഗണിക്കുന്നത്.