പാലക്കാട് : ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ സമരം ഒരു മാസം പിന്നിടുമ്പോഴും സമരക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് അധികൃതർ. ശമ്പളം മുടങ്ങലും പിരിച്ച് വിടലും വ്യാപകമായതോടെ തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 11786 കോടി രൂപ ബാധ്യതയിലാണ്. ബിഎസ്എൻഎല്ലിനെ തകർത്ത് ടെലികോം മേഖലയിലെ സ്വകാര്യ കമ്പനികളെ സഹായിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് സമരക്കാർ ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന് നിസാരമായി പരിഹരിക്കാനാകുന്ന സാമ്പത്തിക ബാദ്ധ്യതകൾ മാത്രമുണ്ടായിട്ടും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
പാലക്കാട് മാത്രം 24 ജീവനക്കാരെയാണ് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടത്. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടികൾ അവസാനിപ്പിക്കുക, ശമ്പള കുടിശ്ശിക തീർത്ത് നൽകുക, യഥാസമയം ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ച് ജീവനക്കാർ സമരമാരംഭിച്ചത്. ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്.