പാലക്കാട്: കേരളത്തിനായി അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ പാലക്കാട് പിന്നിട്ടു. ഈ മാസം 25 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വച്ച് വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ കേരളത്തിന്‍റെ ട്രെയിൻ മാർഗമുള്ള സഞ്ചാരത്തിന് വേഗം കൂടും.
16 ബോഗികളുള്ള രണ്ട് റാക്കുകളാണ് കേരളത്തിലെത്തിയിരിക്കുന്നത്. കേരളത്തിന് വിഷു കൈനീട്ടമെന്ന നിലയിൽ 13-ാം തിയ്യതി രാത്രി 11.30 നാണ് ചെന്നൈയിൽ നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടത്. ആളൊഴിഞ്ഞ ട്രെയിൻ ആയതിനാൽ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ജനങ്ങളുമായി പോകുന്ന യാത്ര ട്രെയിനുകൾക്ക് മുൻഗണന നൽകിയാണ് വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്നും പല സ്‌റ്റേഷനുകളും പിന്നിട്ടിരുന്നത്.
എത്തിയത് അല്‍പം വൈകി: വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ 9.30ന് പാലക്കാട് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ട്രെയിൻ 11.45 നായിരുന്നു പാലക്കാട് എത്തിയത്. ട്രെയിൻ എത്തിയതോടെ വലിയ സ്വീകരണവുമായി ബിജെപി പ്രവർത്തകർ നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മുദ്രവാക്യങ്ങൾ മുഴക്കി. ഇന്ന് രാത്രിയോടെയാണ് വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. തുടര്‍ന്ന് ട്രയൽ റണ്ണിന് ശേഷമാവും 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുക.
ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് 16 കാറുകളുള്ള രണ്ട് റാക്കുകൾ ഇന്നെത്തുമെന്നാണ് ദക്ഷിണ റെയിൽവേ മുമ്പ് അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പരീക്ഷണ സർവീസെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ് അടങ്ങുന്ന സംഘം പരിശോധനകൾ നടത്തുന്നതിനായി തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്‌തു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ട്രാക്ക് ക്ലിയറൻസ് കിട്ടുന്ന മുറയ്ക്കാകും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക എന്നും മുമ്പ് അറിയിച്ചിരുന്നു. മാത്രമല്ല ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് എത്തിയത്.
ഇതോടെ ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ലഭിക്കുന്നത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിനായുള്ള ബോഗികൾ നിർമിച്ചത്. അതേസമയം ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിലെത്തുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസിന് പരമാവധി 100 മുതൽ 110 വരെയാണ് വേഗം കണക്കാക്കുന്നത്. എന്നാല്‍ ഇതുപ്രകാരം യഥാർഥത്തിൽ അതിവേഗ ട്രെയിൻ ആയ വന്ദേഭാരതിന് അതിന്‍റെ പൂർണ വേഗം കേരളത്തിൽ എടുക്കാൻ സാധിക്കില്ല.
വന്ദേ ഭാരതിന്‍റെ പ്രത്യേകതകള്‍: ഇന്ത്യയിൽ നിർമിക്കപ്പെട്ട അതിവേഗ ട്രെയിനാണ് വന്ദേഭാരത്. കേവലം 52 മിനിറ്റുകള്‍ കൊണ്ട് 100 കിലോ മീറ്റർ സഞ്ചരിക്കാൻ ഈ ഇന്ത്യൻ നിർമിത അതിവേഗ ട്രെയിനിനാകും. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ രൂപകൽപ്പന ചെയ്‌ത വന്ദേഭാരത് ട്രെയിന്‍ പൂർണമായി എയർ കണ്ടീഷൻ ചെയ്‌തതും ഓട്ടോമാറ്റിക് ഡോറുകളും എക്‌സിക്യുട്ടീവ് ക്ലാസിൽ റിവോൾവിങ് കസേരകളുമുള്ളവയുമാണ്.