പാലക്കാട്: ലോകസഭയിലും രാജ്യസഭയിലും ബില്ലുകളിൽ കാര്യമായ ചർച്ചയില്ലെന്നും രാജ്യത്ത് പല ബില്ലുകളും ചർച്ചകൾ നടക്കാതെയാണ് നിയമമാകുന്നതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്‍റർനാഷണൽ സിവിൽ റൈറ്റ്സ് കൗൺസിൽ കേരള ചാപ്റ്റർ സംഘടിപ്പിച്ച മനുഷ്യാവകാശ അവബോധത്തെ കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ലോകസഭയിലേക്കും രാജ്യസഭയിലേക്കും നോക്കിയാൽ ബില്ലുകളിൽ കാര്യമായ ചർച്ചയില്ലെന്ന് മനസിലാക്കാം. ബില്ല് വരുകയും അത് സെലക്റ്റ് കമ്മിറ്റിയ്ക്ക് നൽകുകയും തിരിച്ച് സഭയിലെത്തി പാസാവുകയുമാണ് ചെയ്യുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗമാണ് നിലവിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ലഹരി ആളുകളെ അടിമകളാക്കി മാറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുമ്പ് അവകാശങ്ങളില്ലാത്ത അടിമകളായിരുന്നെങ്കിൽ ഇന്നുള്ളത് ലഹരി ലഭിക്കാനായി എന്തും ചെയ്യാൻ തയ്യാറാകുന്ന അടിമകളാണ്. ലഹരി കാലഘട്ടത്തിന്‍റെ അടിമത്വമാണ്.
ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനയാണ് ഇന്ത്യയുടേത്. പല രാജ്യങ്ങളും ഭരണഘടന മാറ്റികൊണ്ടിരിക്കുമ്പോൾ 75 വർഷമായിട്ടും ഇന്ത്യൻ ഭരണഘടന പ്രസക്തമായി തുടരുന്നു. ഭരണഘടനയിൽ ഭേദഗതി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ കരുത്താണ്. അതുപോലെത്തന്നെ മനുഷ്യാവകാശത്തിനായി ഒരു ദിവസം കൊണ്ടാടുന്നത് ശരിയല്ലെന്നും ഒരു മനുഷ്യൻ ജനിച്ചത് മുതൽ അയാൾക്ക് മനുഷ്യാവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഫോർട്ട് ടൗൺ ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്‍റർനാഷണൽ സിവിൽ റൈറ്റ്സ് കൗൺസിൽ മുഖ്യ രക്ഷാധികാരി ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്‍റ് ഗോപിനാഥ് വന്നേരി അധ്യക്ഷനായി. എഴുത്തുകാരൻ ആഷാമേനോൻ, കൗൺസിൽ വൈസ് പ്രസിഡന്‍റ് ഒ ജയരാജൻ, ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗൺ ബി സുരേഷ്, ലക്കിടി നെഹ്റു ലോ അക്കാദമി പ്രിൻസിപ്പൽ സി തിലകാനന്ദൻ, പി ആർ സനിൽകുമാർ എന്നിവർ സംസാരിച്ചു.