പാലക്കാട്: ബെംഗളുരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിൽ വെള്ളിയാഴ്‌ച രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാല് മലയാളികളിൽ ഒരാൾ പട്ടാമ്പി മുതുതല സ്വദേശിനി. മുതുതല ശരത് വിഹാറിൽ (കൂട്ടപ്പുലാവിൽ) കെ.ശിൽപയാണ് (30) മരിച്ചത്.
തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കണ്ടെയ്‌നർ ലോറി ശിൽപ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചു. കാറിൽ ശിൽപയ്‌ക്കൊപ്പമുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ബെംഗളുരുവിലെ ഐഎഎം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായ ശിൽപ കഴിഞ്ഞയാഴ്‌ചയാണ് മുതുതലയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ച് പഠിക്കുന്ന തന്‍റെ കുട്ടികളെ കണ്ടു മടങ്ങിയത്. നാലാം ക്ലാസ് വിദ്യാർഥി ആനന്ദ്, ഒന്നാം ക്ലാസ് വിദ്യാർഥി അദ്വൈത് എന്നിവരാണ് മക്കൾ.
വിമുക്തഭടനായ അച്ഛൻ ഉണ്ണിക്കൃഷ്‌ണൻ സിപിഎം കോതളം ബ്രാഞ്ച് അംഗവും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമാണ്. അമ്മ റിട്ട. അധ്യാപിക പുഷ്‌പലത.