പാലക്കാട്: തിരുവോണത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കേ രാപ്പകലില്ലാതെ ജോലിയിലാണ് പാലക്കാട്ടെ ഉപ്പേരി നിർമാണ സംഘങ്ങൾ. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഇവിടെ നിന്നുള്ള ഉപ്പേരി വിൽപനയ്ക്കായി എത്തിക്കാറുണ്ട്. അൻപതോളം യൂണിറ്റുകളിലായി അഞ്ഞൂറിലധികം തൊഴിലാളികളാണ് പാലക്കാട് മാർക്കറ്റിനോട് ചേർന്ന് മാത്രം പ്രവർത്തിക്കുന്നത്. ഓണമായതോടെ വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ മാർക്കറ്റുകളിലേക്കും ഉപ്പേരി കയറ്റിയയ്ക്കുന്നു. വയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമുള്ള നേന്ത്രക്കുലകളാണ് ഇവിടെ ഉപ്പേരി നിർമ്മാണത്തിനുപയോഗിക്കുന്നത്.
വെളിച്ചെണ്ണയും പാം ഓയിലുമാണ് കായ വറുക്കാൻ ഉപയോഗിക്കുക. നേന്ത്രക്കായയുടെയും ഉപയോഗിക്കുന്ന എണ്ണയുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത വിലകളിലുള്ള ഉപ്പേരികൾ ഇവിടെ നിന്നു ലഭിക്കും. കിലോയ്ക്ക് 320 രൂപയാണ് ഒന്നാം ക്വാളിറ്റിയിലുള്ള കായ വറുത്തതിന്‍റെ വില. ഓണക്കാലമായതോടെ ഏത്തക്കാ വില വർധിച്ചതാണ് ഉപ്പേരിക്ക് വില കൂടാൻ കാരണം.