പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ 42 കാരന്‍ കൊല്ലപ്പെട്ടു. ഇലച്ചിവഴി സ്വദേശി കന്തസ്വാമിയാണ് മരിച്ചത്. തിങ്കളാഴ്‌ച (ഏപ്രിൽ 17) രാത്രി ഏഴരയോടെയായിരുന്നു സംഭവം.
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് മടങ്ങി പോകുന്ന വഴിയാണ് കന്തസ്വാമി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കാട്ടാന മൂന്ന് വട്ടം ചിഹ്നം വിളിക്കുന്നതും കന്തസ്വാമിയുടെ നിലവിളിയും കേട്ടതോടെയാണ് സമീപത്തുള്ള ഊരുകാർ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനയെ പടക്കം പൊട്ടിച്ച് മാറ്റിയ ശേഷം കന്തസ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കന്തസ്വാമിക്ക് കാട്ടാനയുടെ ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കന്തസ്വാമി മരിച്ചു. കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് അടിച്ചതുകാരണമാണ് തലയ്‌ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശത്ത് രണ്ട് ആഴ്ചയായി കാട്ടാനശല്യം : ഈ പ്രദേശത്ത് രണ്ട് ആഴ്‌ചയോളമായി 14 എണ്ണമുള്ള കാട്ടാനക്കൂട്ടവും ഒരു ഒറ്റയാനും വിഹരിക്കുന്നുണ്ട്. കന്തസ്വാമി ഒറ്റയാന്‍റെ മുൻപിൽ പെട്ടുപോവുകയായിരുന്നു. നേരം ഇരുട്ടുന്നതോടെ കാട്ടാനകൾ കുടിവെളളം തേടി കാടിറിങ്ങുന്നത് പതിവാണ്.
തിങ്കളാഴ്‌ച രാത്രി വെള്ളം തേടിയിറങ്ങിയ കാട്ടാനയാണ് കന്തസ്വാമിയെ ആക്രമിച്ചത്. പുതൂർ പഞ്ചായത്ത് മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസം മുൻപും മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.
ഈ വർഷം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ആറ് പേർ മരിച്ചു. ചക്കയുടെയും മാങ്ങയുടെയും സീസൺ ആയതോടെ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകളുടെ എണ്ണം കൂടിയിരിക്കുകയാണ്. വനാതിർത്തിയിൽ കാട്ടാനകൾ ജനവാസ മേഖലയിൽ എത്താതിരിക്കാൻ സൗരോർജ വേലിയും കിടങ്ങുകളും സ്ഥാപിക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
Also read : ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന, ഒരാൾക്ക് പരിക്ക്: അട്ടപ്പാടിയിലും ഭീതി മാറുന്നില്ല
വാഹനങ്ങൾ ആക്രമിച്ച് കാട്ടാന : കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പാലപ്പടയിൽ ആദിവാസികൾ സഞ്ചരിച്ചിരുന്ന ജീപ്പും കാട്ടാന കുത്തിമറിച്ചിട്ടിരുന്നു. ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് മുഖത്തും തലയിലും പരിക്കേറ്റു. പാലപ്പടയിൽ നിന്ന് ആനവായി ഊരിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ജീപ്പ് മറിഞ്ഞ് എല്ലാവരും നിലവിളിച്ചതോടെ ആന പിന്മാറി. മാർച്ച് 31നും സമാനരീതിയിൽ ഇതേ റോഡിലെ ചിണ്ടക്കിയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കാട്ടാന കുത്തിമിറിച്ചിട്ടിരുന്നു. അട്ടപ്പാടി അബ്ബന്നൂരിൽ മുറിവാലൻ കൊമ്പൻ 12ഓളം വാഹനങ്ങൾ ആക്രമിച്ചിരുന്നു.
പുഴ കടന്നെത്തി കാട്ടാനക്കൂട്ടം : അട്ടപ്പാടി വെള്ളമാരിയിൽ കാട്ടാനക്കൂട്ടം ഭവാനി പുഴ കടന്ന് സ്വകാര്യ റിസോർട്ടിലെത്തി. മാസങ്ങളായി ഈ കാട്ടാനക്കൂട്ടം പ്രദേശത്ത് നാശം വിതയ്‌ക്കുകയാണ്. 7 അംഗങ്ങളുള്ള കാട്ടാനക്കൂട്ടത്തിൽ 3എണ്ണം കുട്ടിയാനകളാണ്. തമിഴ്‌നാട് വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്.