പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്. കേസിൽ ജില്ല ജഡ്‌ജി കലാം പാഷ ചെയർമാനായിട്ടുള്ള വിറ്റ്‌നസ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ല പൊലീസ് ചീഫ് ആർ. വിശ്വനാഥൻ, പബ്ലിക് പ്രോസിക്യൂട്ടർ പി. അനിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേസിന്‍റെ വിചാരണ ആരംഭിച്ചതോടെ പ്രധാന സാക്ഷികൾ കൂറുമാറിയ സാഹചര്യം പരിഗണിച്ചാണ് ഉത്തരവ്. വിചാരണ കഴിയുന്നത് വരെ എല്ലാ സാക്ഷികൾക്കും സംരക്ഷണം നൽകണമെന്നാണ് നിർദേശം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നത് തടയാൻ ശ്രമിക്കുക, സാക്ഷികളുടെ വീടിന് നിരീക്ഷണം ഏർപ്പെടുത്തുക, സാക്ഷി വിസ്‌താരത്തിന് കോടതിയിലേക്ക് പോകുമ്പോൾ എസ്‌കോർട്ട് നൽകുക തുടങ്ങി ഏഴ് സുരക്ഷ നിർദേശങ്ങളാണ് സമിതിയുടെ ഉത്തരവിലുള്ളത്.