പാലക്കാട്: തമിഴിൽ വാണിയെന്നാൽ പുഴയെന്നാണ് അർഥം. പുഴകൾക്ക് നടുവിലുള്ള ഊരായതിനാലാവണം ഇടവാണി എന്ന് പേര് വന്നത്. പ്രകൃതി, വിസ്‌മയക്കാഴ്‌ചകള്‍ നല്‍കി അനുഗ്രഹിച്ച നാടാണിത്. ശുദ്ധവായുവും തെളിനീരും ലഭിക്കുന്നയിടം.
കണ്‍കുളിര്‍പ്പിക്കുന്ന കാഴ്‌ചകള്‍ എങ്ങുമുണ്ടെങ്കിലും ജീവിത ദുരിതത്തിലാണ് അട്ടപ്പാടിയിലെ ഇടവാണിയിലെ കുറുമ്പര്‍ വിഭാഗത്തിലെ ആദിവാസി കുടുംബങ്ങള്‍. വരഗാർപുഴ അഞ്ച് തവണ കാല്‍നടയായി കടന്നുവേണം ഇവിടെ എത്താന്‍. അതുകൊണ്ടുതന്നെ, മഴക്കാലത്ത് ഒറ്റപ്പെടുന്ന സാഹചര്യമാണ്. ആശുപത്രി കേസുകൾ ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ അതോടെ പ്രതിസന്ധിയിലാവും.
കഴിഞ്ഞ മഴക്കാലത്ത് ഒരാഴ്ച്ചയാണ് ഊര് വിട്ടുപോകാന്‍ കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടനുഭവിച്ചത്. മഴക്കാലത്തും സുഗമമായി യാത്ര ചെയ്യാന്‍ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഊര് 'പരിധിയ്‌ക്ക്' പുറത്താണെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. മൊബൈല്‍ ഫോണുകള്‍ക്ക് നെറ്റ്‌വർക്ക് കിട്ടാത്തതിനാല്‍ ആശയ വിനിമയം, കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നിവ ഇപ്പോഴും ഇവര്‍ക്ക് അന്യമാണ്.
'റേഞ്ച് പിടിക്കാന്‍ മലകയറ്റം'
കൊവിഡ് വ്യാപനം ശക്തമായ കാലത്ത് വിദ്യാർഥികളും ഉദ്യോഗാർഥികളും വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി. ജോലി ചെയ്യാനോ പഠിക്കാനോ ഈ കാലയളവിൽ സാധിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. മൊബൈല്‍ ഫോണില്‍ വിളിക്കണമെങ്കില്‍ മല കയറണം. രാത്രിയില്‍ അത്യാവശ്യങ്ങൾക്കായി ഫോൺ വിളിക്കാൻ വന്യമൃഗങ്ങൾ നിറഞ്ഞ മല കയറുക അപകടകരമാണ്.
ALSO READ: ഇത് സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കാൻ... അവസാനം ഓട്ടം തുള്ളല്‍: പ്രതിഷേധം മലപ്പുറത്ത്
ഇന്‍കമിങ് കോളുകള്‍ ലഭിക്കാന്‍ വീട്ടുമുറ്റത്ത് റേഞ്ച് ലഭിക്കുന്ന സ്ഥലം കണ്ടെത്തി മുളയില്‍ ഫോണ്‍ സ്ഥാപിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്. നേരത്തേ കല്ലും മണ്ണും നിറഞ്ഞ ദുര്‍ഘടമായ പാതയായിരുന്നു ഇവിടേയ്‌ക്ക്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്.
മൂന്ന് മീറ്റർ വീതിയുള്ള ഈ വഴിക്കു വേണ്ടി അനേകം സമരങ്ങളാണ് ഊരുകാര്‍ നടത്തിയത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയുമെത്ര സമരങ്ങള്‍ നടത്തേണ്ടി വരുമെന്ന ചിന്തയിലാണ് ഇടവാണി നിവാസികള്‍.