പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ശനിയാഴ്‌ച(17.09.2022) വിസ്‌തരിച്ച രണ്ട് സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നു. 40-ാം സാക്ഷി ലക്ഷ്‌മി, 43-ാം സാക്ഷി മത്തച്ചൻ എന്നിവരാണ് പൊലീസിനു നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികളിൽ 13, 14, 16 എന്നിവരെ തിരിച്ചറിഞ്ഞതായി ലക്ഷ്‌മി കോടതിയിൽ മൊഴി നൽകി.
പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ലക്ഷ്‌മി പൊട്ടിക്കരഞ്ഞുവെങ്കിലും നൽകിയ മൊഴിയിൽനിന്ന് പിന്മാറിയില്ല. സംഭവസമയം മധുവിനെ ചാക്ക് കെട്ടുമായി കണ്ടെന്നും അതിലെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ തന്‍റേതാണെന്ന് തിരിച്ചറിഞ്ഞെന്നും മത്തച്ചൻ മൊഴി നൽകിയിരുന്നു. അക്കാര്യം കോടതിയിലും സമ്മതിച്ചു.
മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയിലാണ് സാക്ഷിവിസ്‌താരം പുരോഗമിക്കുന്നത്. 41, 43 സാക്ഷികളായ സിന്ധുഷ, നവാസ് എന്നിവരെയും ശനിയാഴ്‌ച വിസ്‌തരിക്കേണ്ടതായിരുന്നുവെങ്കിലും ഇവർ ഹാജരായില്ല. സാക്ഷി വിസ്‌താരം തിങ്കളാഴ്‌ച(19.09.2022) തുടരും.
കഴിഞ്ഞ ദിവസം മൊഴിമാറ്റി പറഞ്ഞ 36-ാം സാക്ഷി അബ്‌ദുൽ ലത്തീഫിനെയും തുടർ വിചാരണ ചെയ്യും. കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിന് പൂർണ കാഴ്‌ചശക്തിയുണ്ടെന്ന് ഇയാളെ പരിശോധിച്ച ജില്ല ആശുപത്രിയിലെ ഒഫ്‌താൽമോളജിസ്റ്റ് ഡോ. നയന രാമൻകുട്ടി കോടതിയിൽ മൊഴി നൽകി. കാഴ്‌ചക്കുറവ് എന്ന് കോടതിയിൽ കളവു പറഞ്ഞ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ഉണ്ടാകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.