പാലക്കാട്: പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ. കാണാതായി രണ്ടുമാസം തികയുമ്പോഴാണ് ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിന്‍റെ (24) മൃതദേഹം ലഭിച്ചത്. 2021 ഡിസംബർ 17നാണ് ആഷിഖിനെ അവസാനമായി ബന്ധുക്കൾ കാണുന്നത്.
ആഷിഖ് നാടുവിട്ടതാണെന്നാണ് കുടുംബം വിചാരിച്ചത്. നാടുവിട്ടതാകുമെന്ന് കരുതി ബന്ധുക്കല്‍ പൊലീസിൽ പരാതി നൽകിയിരുന്നില്ല. അതിനിടയിലാണ് കൊലപാതക വിവരം അറിയുന്നത്. ആഷിഖും മുഹമ്മദ് ഫിറോസും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. ഇവർ നിരവധി കേസുകളിൽ പ്രതികളുമാണ്.
2015ൽ നടന്ന മോഷണക്കേസിൽ പട്ടാമ്പി പൊലീസ് പിടികൂടിയ പാലപ്പുറം പാറക്കൽ മുഹമ്മദ് ഫിറോസ് (25) ആണ് ബാല്യകാല സുഹൃത്തായ ആഷിഖിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്‌ച (14.02.22) ഓങ്ങല്ലൂരിൽ നിന്നാണ് ഫിറോസ് പിടിയിലാകുന്നത്. തുടർന്ന് കൂട്ടുപ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആഷിഖിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഫിറോസ് മൊഴി നല്‍കിയത്.
രണ്ടുപേരും ചേര്‍ന്ന് ഒറ്റപ്പാലം പാലപ്പുറം മിലിട്ടറി പറമ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്ടി ഓട്ടോയില്‍ മിലിട്ടറി പറമ്പിൽ എത്തിച്ചുവെന്നാണ് മൊഴി. മൂന്നുമണിക്കൂർ സമയമെടുത്താണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഫിറോസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. പട്ടാമ്പി സിഐ പി അബ്ദുൾ മുനീറിന്‍റെ നേതൃത്വത്തിലാണ് ഫിറോസിനെ ചോദ്യം ചെയ്യുന്നത്. ഒറ്റപ്പാലം, പട്ടാമ്പി സ്റ്റേഷനിൽ ഇവർ രണ്ടുപേർക്കും മോഷണം, കഞ്ചാവ് കടത്ത് എന്നീ നിരവധി കേസുകളുണ്ട്.
ചൊവ്വാഴ്‌ച പകൽ 12ന് മൃതദേഹത്തിനു വേണ്ടി തിരഞ്ഞുവെങ്കിലും കണ്ടെത്തിയത് വൈകിട്ട് നാലിനാണ്. കൈയിൽ കെട്ടിയ ചരടും മോതിരവും കണ്ടാണ് മൃതദേഹം ആഷിഖിന്‍റേതാണെന്ന് ഉപ്പ ഇബ്രാഹിമും സഹോദരനും തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ALSO READ: ഹൈടെക് വാഹന മോഷണം; ജിപിഎസ് ഘടിപ്പിച്ച് വാഹനം കടത്തുന്ന സംഘം പിടിയില്‍