പാലക്കാട്: മുപ്പത്തിരണ്ടാം കേരള ശാസ്ത്ര കോൺഗ്രസിന്‍റെ ഭാഗമായുള്ള ശാസ്ത്ര പ്രദർശനം പാലക്കാട് യുവക്ഷേത്ര കോളജിൽ ആരംഭിച്ചു. ഐഎസ്ആർഒ, കേരള മണ്ണ് ഗവേഷണ കേന്ദ്രം, ജന്തു ശാസ്ത്ര ഗവേഷണ കേന്ദ്രം, കരിമ്പ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി ശാസ്ത്ര സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ കരകൗശലവസ്തുക്കളുടെയും കൈത്തറി വസ്ത്രങ്ങളുടെയും സ്റ്റാളുകളും പ്രദർശനത്തിനുണ്ട്.
ശാസ്ത്ര കോൺഗ്രസ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള വനഗവേഷണ സ്ഥാപനം, യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും കാലാവസ്ഥാ വ്യതിയാന അതിജീവനത്തിനും അനുരൂപീകരണത്തിനും എന്നതാണ് ഈ വർഷത്തെ ശാസ്ത്ര കോൺഗ്രസിന്‍റെ മുഖ്യ വിഷയം. ഇതോടൊപ്പം വ്യത്യസ്ത സെഷനുകളിലായി വിദ്യാർഥികളും യുവ ശാസ്ത്രജ്ഞരും വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജനുവരി 25 മുതൽ 27 വരെയാണ് ശാസ്ത്ര കോൺഗ്രസ് നടക്കുന്നത്.