പാലക്കാട് : നഴ്‌സിങ് സ്‌കൂളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ തിരികെക്കിട്ടാത്തതിനെ തുടർന്ന് അഭിമുഖം നിഷേധിക്കപ്പെട്ട എം സി ആരതിക്ക് കൈത്താങ്ങായി മന്ത്രി കെ രാധാകൃഷ്‌ണൻ. വിഷയത്തിൽ മന്ത്രി ഇടപെട്ടതോടെ സർട്ടിഫിക്കറ്റുകൾ നഴ്‌സിങ് സ്‌കൂൾ അധികൃതർ പിഎസ്‍സി ഓഫിസിൽ ഏൽപ്പിച്ചു. വെരിഫിക്കേഷൻ പൂർത്തിയാക്കിയ പിഎസ്‍സി ആരതിയെ കൂടിക്കാഴ്‌ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
നഴ്‌സിങ് പഠനത്തിന് ചേർന്നപ്പോൾ ഒപ്പുവച്ച ബോണ്ടാണ് വിനയായത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയുടെ അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനാവാതെ വന്നതോടെയാണ് ആരതിക്ക് ജോലി സാധ്യതയില്ലാതായത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കാനാണ് നഴ്‌സിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.
പാലക്കാട് ഗവ. നഴ്‌സിങ് സ്‌കൂളിൽ 2015ലാണ് ആരതി ജനറൽ നഴ്‌സിങ്ങിന് ചേർന്നത്. മകന് അസുഖം ബാധിച്ചതോടെ ആറുമാസത്തിന് ശേഷം പഠനം ഉപേക്ഷിച്ച് കുട്ടിയെ പരിചരിക്കാൻ നിൽക്കേണ്ടി വന്നു. ഇക്കാര്യം അധികൃതരോട് അറിയിച്ചിരുന്നതായും ആരതി പറയുന്നു.
ബോണ്ട് അനുസരിച്ച് പഠനം ഇടയ്ക്ക് നിർത്തുമ്പോൾ 50,000 രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. എങ്കിലേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ. കൂടിക്കാഴ്‌ചയുടെ വിവരം അറിഞ്ഞപ്പോൾ തന്നെ മന്ത്രിയുടെ ഓഫിസുമായി ആരതി പൊതുപ്രവർത്തക സി എ സിലോമിയുടെ സഹായത്തോടെ ബന്ധപ്പെട്ടിരുന്നു.
മന്ത്രി പിഎസ്‍സിയുമായും നഴ്‌സിങ് സ്‌കൂളുമായും ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചത്. വ്യാഴാഴ്‌ച എറണാകുളം പിഎസ്‍സി ഓഫിസിൽ ഹാജരാകാൻ പിഎസ്‍സി ആരതിയെ അറിയിച്ചു.