പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 11-ാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്. മണ്ണാര്‍ക്കാട് ജില്ലാ പ്രത്യേക കോടതിയില്‍ വിസ്‌താരം നടക്കുന്നതിനിടെ വ്യാഴാഴ്‌ചയാണ് മധുവിന്‍റെ ബന്ധു കൂടിയായ ചന്ദ്രന്‍ കൂറുമാറിയത്. വിസ്‌താരത്തിനിടെ കൂറുമാറിയ ചന്ദ്രന്‍റെ നടപടിയില്‍ കോടതി ഇടപെട്ടു.
കേസില്‍ കൂറുമാറിയാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അറിവുണ്ടോയെന്ന് ചന്ദ്രനോട് കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന സാക്ഷി വിസ്‌താരത്തിനിടെ കേസിലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്‌ണനും കൂറുമാറിയിരുന്നു. കേസിലെ 12,13 സാക്ഷികളെ വെള്ളിയാഴ്‌ച വിസ്‌തരിക്കും.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി രാജേന്ദ്രൻ, അസിസ്‌റ്റന്‍റ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.രാജേഷ് എം. മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്‌താരം പുരോഗമിക്കുന്നത്. സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധുവിന്‍റെ സഹോദരി സരസു, അമ്മ മല്ലി എന്നിവര്‍ പറഞ്ഞു.
പണത്തിനും സ്വാധീനത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങിയാണ് സാക്ഷികള്‍ കൂറുമാറുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കൂറുമാറ്റത്തിനെതിരെ കോടതി സ്വമേധയാ കേസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സരസു മാധ്യമങ്ങളോട് പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
also read: മധു വധക്കേസ് : സാക്ഷിവിസ്‌താരം ഏപ്രിൽ 28ന്