പാലക്കാട്: അട്ടപ്പാടിയിലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആദിവാസി വിഭാഗങ്ങളിലെ ഗര്‍ഭിണികളെ നേരത്തെ എത്തിച്ചു പരിചരണം നൽകുന്നതിനും പ്രസവശേഷം ആരോഗ്യ പരിചരണം ആവശ്യമായ കുഞ്ഞുങ്ങളെ താമസിപ്പിക്കുന്നതിനും സർക്കാർ നടപ്പിൽ വരുത്തുന്ന ‘അമ്മവീട്’ ഉടന്‍ പൂര്‍ത്തിയാകും. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇതിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ടുമാസത്തിനകം ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതി തുടങ്ങുന്നതോടെ കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനാകും.
അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട എല്ലാ ഗർഭിണികൾക്കും മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള പദ്ധതി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. പ്രസവശേഷം കുഞ്ഞുങ്ങളുടെ പരിചരണത്തിനും മികച്ച പദ്ധതികളുണ്ട്. അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ഗര്‍ഭിണികളില്‍ ഭൂരിപക്ഷവും ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്നതെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ഉള്ളത്.
പ്രവർത്തനം ഏകോപിക്കുന്നത് പ്രൈമറി ഹെൽത്ത് സെന്‍ററുകള്‍ മുഖേനയാണ്. ഗോത്ര വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ ഗർഭിണിയാണെന്ന് അറിയുമ്പോൾ മുതൽ സർക്കാർ സേവനങ്ങൾ ഇവരെ തേടിയെത്തും. ആരോഗ്യ പരിചരണം, തുടർന്ന് ആവശ്യമായ നിരീക്ഷണം തുടങ്ങിയവയെല്ലാം ആരോഗ്യ പ്രവർത്തകരായ ജെപിഎച്ച്എൻമാർ, ആശവർക്കർമാർ എന്നിവരാണ് ചെയ്യുക.
പോഷകാഹാരം ഐസിഡിഎസ് അങ്കണവാടികൾ വഴി ലഭ്യമാക്കും. പട്ടികവർഗ വകുപ്പ് ഇവർക്ക് യാത്രാസൗകര്യങ്ങളും മറ്റ് സഹായങ്ങളും നൽകുന്നതിനായി 24 മണിക്കൂറും എസ്‌ടി പ്രൊമോട്ടർമാരുടെ സേവനം ഊരിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.