പാലക്കാട്: മുൻ ഡിവൈഎസ്പിയും സിഐയും ചേർന്ന് കള്ളക്കേസിൽ കുടുക്കി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി യുവതിയുടെയും ഭർത്താവിന്റെയും പരാതി. കൊല്ലങ്കോട് മലയാമ്പളം സ്വദേശിയായ ആകർഷും ഭാര്യയുമാണ് മുൻ ഡിവൈഎസ്‌പിയായ എം.കെ.തങ്കപ്പനും കൊല്ലങ്കോട് സി.ഐക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആകർഷിനെ കള്ളക്കേസിൽ കുടുക്കാനും ഭാര്യയേയും 25 ദിവസം പ്രായമായ കുഞ്ഞിനെയും ഗുണ്ടകളെ ഉപയോഗിച്ച് അക്രമിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി.
കഴിഞ്ഞ ഒക്ടോബറിൽ മുൻ ഡിവൈഎസ്പിയുടെ കാർ കൊല്ലങ്കോട് വച്ച് ആകർഷിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇതേ തുടർന്ന് കാറോടിച്ചിരുന്ന മുൻ ഡിവൈഎസ്പി ആകർഷിനെ മർദിച്ചെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും ആകർഷ് ആരോപിച്ചു.