പാലക്കാട്: കെഎസ്‌ഇബി മാനേജ്‌മെന്‍റിന്‍റെ ചില നടപടിക്കെതിരെ ഓഫിസേഴ്‌സ് അസോസിയേഷൻ സമരം തുടങ്ങിയ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാരും ബോർഡും ഇടപെടുമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ ബാലൻ. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി നടത്തിയ അനൗദ്യോഗിക ചർച്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌ന പരിഹാരം ഉടൻ - എ.കെ ബാലൻ: വിഷയം ട്രേഡ് യൂണിനുമായി ബന്ധപ്പെട്ടതിനാലാണ് സിഐടിയു സംസ്ഥാന സെക്രട്ടറിയുടെ നിർദേശപ്രകാരം ചർച്ചയ്‌ക്ക് മുൻകൈയെടുത്തത്. ഇക്കാര്യം മുഖ്യമന്ത്രിയേയും ധരിപ്പിച്ചിട്ടുണ്ട്. കെഎസ്‌ഇബിയിൽ പ്രശ്‌നം തുടർന്നാൽ അത് വികസനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
ഇക്കാര്യത്തിൽ മന്ത്രി പോസിറ്റിവായ സമീപനമാണ് കൈക്കൊണ്ടത്. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനേക്കാൾ വലിയ പ്രശ്‌നം മുമ്പും കെഎസ്‌ഇബിയിൽ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം വളരെ പെട്ടെന്ന് പരിഹരിച്ച് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ പ്രശ്‌നം ഗൗരവമുള്ളതല്ല. കെഎസ്‌ഇബിയും സർക്കാരും എടുക്കേണ്ട തീരുമാനങ്ങളാണ്. അക്കാര്യത്തിൽ വൈദ്യുതിമന്ത്രി നല്ല നിലയിൽ ഇടപെടുമെന്ന പ്രതീക്ഷയുണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.
കൂടിയാലോചിച്ച് തീരുമാനിക്കും - വൈദ്യുതി മന്ത്രി: അതേസമയം കെഎസ്‌ഇബിയിലെ പ്രശ്‌നം പരിഹരിക്കാൻ എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അറിയിച്ചു. കെ ബാലനുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ മുൻഗാമിയായ ബാലനുമായും മണിയാശാനുമായും വൈദ്യുതിവകുപ്പിലെ വിഷയം ചർച്ച ചെയ്യാറുണ്ടെന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഇല്ലാത്തവിധം പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
READ MORE:കെ.എസ്.ഇ.ബി സമരക്കാരുമായി സർക്കാർ ചർച്ചയ്ക്കില്ല; പരിഹരിക്കാൻ ബോർഡിന് നിദേശം