പാലക്കാട്: കേരളത്തിലെ കോച്ച് ഫാക്ടറിക്ക് പാലക്കാട് ജില്ലയിലെ കോട്ടമൈതാനത്ത് തറക്കല്ലിട്ടിട്ട് ഇന്ന് 10 വർഷം. 2012 ഫെബ്രുവരി 21ന് അന്നത്തെ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ തറക്കല്ലിട്ടത്. ഒരു വർഷത്തിനകം നിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യമായി പുരോഗമിച്ചില്ല.
ടി എം ജേക്കബ് മരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന പിറവം നിയമസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് കോച്ച് ഫാക്ടറിക്കായുള്ള തറക്കല്ലിടല്‍ നടന്നത്. ഒരു എംഎൽഎയുടെ മാത്രം ഭൂരിപക്ഷമുള്ള ഉമ്മൻചാണ്ടി സർക്കാരിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്‌നമായിരുന്ന തെരഞ്ഞെടുപ്പ് വിജയം. ഈ വിജയത്തിനായുള്ള കണ്ണില്‍ പൊടിയിടലായിരുന്നു തറക്കല്ലിടല്‍ എന്ന ആരോപണം ഉയരുന്നുണ്ട്.
ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് സേലം റെയിൽവേ ഡിവിഷൻ രൂപീകരിച്ചപ്പോൾ കേരളത്തിന് നൽകിയ വാഗ്‌ദാനമായിരുന്നു ടൗൺഷിപ്പോടുകൂടിയ കോച്ച് ഫാക്ടറി. അതിനായി വി എസ് അച്യുതാനന്ദൻ സർക്കാർ കഞ്ചിക്കോട് വ്യവസായ മേഖലയിൽ 439 ഏക്കർ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയിൽവേയ്ക്ക് കൈമാറി. 2008–-09 വർഷത്തിലെ റെയിൽവേ ബജറ്റിലാണ് കോച്ച് ഫാക്ടറിക്ക് അനുമതി നൽകിയത്.
ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ 900 ഏക്കറിൽ ടൗൺഷിപ്പോടെയുള്ള കോച്ച് ഫാക്ടറിയാണ് വാഗ്ദാനം ചെയ്തത്. രണ്ടാം യുപിഎ സർക്കാർ അത് 76 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള ചെറുകിട ഫാക്ടറിയായി ചുരുക്കി. അന്ന് കേരളത്തിൽനിന്ന് എട്ട് കേന്ദ്രമന്ത്രിമാരും 16 യുഡിഎഫ് എംപിമാരും ഉണ്ടായിട്ടും പദ്ധതി വാങ്ങിയെടുക്കാൻ ഒന്നും ചെയ്തില്ല.
2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രചാരണവും കോച്ച് ഫാക്ടറിയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവർ വിഷയം ആവർത്തിച്ചു. കോച്ച് ഫാക്ടറിക്ക് തുക അനുവദിച്ചുവെന്നായിരുന്നു കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണം.
1979 ഡിസമ്പർ 31ന് പാലക്കാട് കോട്ടമൈതാനിയിൽ ഇന്ദിര ഗാന്ധിയാണ് ആദ്യമായി പാലക്കാടിന് കോച്ച് ഫാക്ടറി വാഗ്‌ദാനം നൽകിയത്. പാലക്കാട് ലോക്‌സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച വി എസ് വിജയരാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഈ വാഗ്ദാനം.