പാലക്കാട്: സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത് 81 പ്രവാസികൾ. ചിറ്റൂർ കരുണ മെഡിക്കൽ കോളജിൽ (24), എലപ്പുള്ളി അഹല്യ ഹെറിറ്റേജ് (19), ചെർപ്പുളശ്ശേരി ശങ്കർ ആശുപത്രി (22), പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥ (10), പാലക്കാട് ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിൽ (6) എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.
രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ഇയാളെയും ചെർപ്പുളശ്ശേരി ശങ്കർ ആശുപത്രിയിലേക്ക് മാറ്റി. ബഹ്റൈനിൽ നിന്ന് കരിപ്പൂരിൽ എത്തിയ ഏഴ് പാലക്കാട് സ്വദേശികളിൽ നാല് പേരെയും വീടുകളിലാണ് നിരീക്ഷണത്തിലാക്കിയത്. ഒരാൾ ഗർഭിണിയും മറ്റൊരാൾ അത്യാവശ്യ ചികിത്സ ആവശ്യമുള്ളയാളുമാണ്.
മുതിർന്ന പൗരൻ, അടുത്ത ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വന്ന മറ്റൊരാൾ എന്നിവരാണ് മറ്റ് രണ്ട് പേർ രണ്ടുപേർ. ഇവരെക്കൂടാതെ ബഹ്റൈനിൽ നിന്നും എത്തിയ ശ്രീകൃഷ്ണപുരം സ്വദേശിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണവും വർധിക്കുകയാണ്. നിലവിൽ 6314 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ചെന്നൈയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിക്കും പാലക്കാട് വച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് പേരാണ് ജില്ലയിൽ നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.