പാലക്കാട്: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമായി നിരവധി കുടിവെള്ള പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഭൂഗര്‍ഭജല വകുപ്പിനു കീഴില്‍ നടപ്പാക്കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെത്തി കുഴല്‍ കിണറുകള്‍ കുഴിച്ച് 65 മിനി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി.ഭൂഗര്‍ഭജല സംരക്ഷണത്തിന്‍റെയും പരിപോഷണത്തിന്‍റെയും ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 29 കൃത്രിമ ഭൂഗര്‍ഭജല സംപോഷണ പദ്ധതികള്‍ സ്ഥാപിച്ചു.
വിവിധ പഞ്ചായത്തുകളിലായി 287 ഹാന്‍റ് പമ്പുകള്‍ അറ്റകുറ്റ പണികള്‍ ചെയ്ത് ഉപയോഗയോഗ്യമാക്കി ജലക്ഷാമം പരിഹരിച്ചു. 2018 ലെ പ്രളയകാലത്ത് വിവിധ പഞ്ചായത്തുകളിലെ പ്രവര്‍ത്തനരഹിതമായ 78 മിനി കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ 81 പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണം നടത്തി. പുതുതായി അഞ്ച് ചെക്ഡാമുകളുടെയും 27 ഭൂഗര്‍ഭജല സംപോഷണ പദ്ധതികളുടെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
ഭൂഗര്‍ഭജല വകുപ്പിന്‍റ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളില്‍ നിന്നും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഭൂജല പര്യവേഷണവും പൊതു കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിക്കുന്ന കുഴല്‍കിണറുകളുടെ ജലലഭ്യത പരിശോധിക്കുന്നതിനും ലഭ്യമായ ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതിനുമായി യീല്‍ഡ് ടെസ്റ്റും നടത്തുന്നുണ്ട്.
ഭൂഗര്‍ഭജല പര്യവേഷണം നടത്തുന്നതിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൃഷി ആവശ്യത്തിന് സബ്സിഡി നിരക്കില്‍ കുഴല്‍കിണറുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. കാലപ്പഴക്കം ചെന്നതും മലിനീകരിക്കപ്പെട്ടതുമായ കുഴല്‍ കിണറുകള്‍ ഫ്ളഷിംഗ് ചെയ്ത് ഉപയോഗപ്രദമാക്കി നല്‍കുന്നു. ജില്ലയിലെ അമിത ജലചൂഷിത മേഖലയായ ചിറ്റൂര്‍ ബ്ലോക്കിന്‍റെ പരിധിയില്‍പ്പെട്ട പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കൃഷി, കുടിവെള്ള ആവശ്യങ്ങള്‍ക്കായി സ്ഥലം പരിശോധിച്ച് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു വരുന്നു.