പാലക്കാട് : എസ്‌ഡിപിഐ, ആർഎസ്‌എസ് പ്രവർത്തകരുടെ കൊലപാതകങ്ങളില്‍ 13 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ നാലുപേരും ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ ഒമ്പതുപേരുമാണ് പിടിയിലായത്. ഇവരെ അന്വേഷസംഘം ചോദ്യം ചെയ്‌ത് വരികയാണ്.
സംഘർഷസാധ്യത കണക്കിലെടുത്ത് ഞായർ (17 ഏപ്രില്‍ 2022) വൈകിട്ട് പാലക്കാട് നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയ പൊലീസ് 1330 അംഗ സേനയെ ജില്ലയില്‍ വിന്യസിച്ചു. മുഴുവൻ സമയ പരിശോധനയുമായി വിവിധ ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും രംഗത്തുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള 890 പ്രത്യേക സംഘവും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ അന്വേഷണസംഘം ചോദ്യം ചെയ്‌തു. കൊലപാതകത്തിന് പ്രതികളുപയോഗിച്ച ബൈക്കിന്‍റെ ഉടമയായ സ്‌ത്രീയേയും ഇന്ന് ചോദ്യം ചെയ്‌തിരുന്നു. ഈടുവച്ച് വായ്‌പയെടുക്കാൻ നൽകിയ ബൈക്ക് നാല് പേര്‍ കൈമാറിയാണ് പ്രതികളുടെ കൈയിലെത്തിയതെന്നാണ് സ്‌ത്രീ നൽകിയ മൊഴി.
Also read: പാലക്കാട്ടെ കൊലപാതകങ്ങൾ ആസൂത്രിതം ; രണ്ട് സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി
സുബൈർ വധക്കേസിൽ കൂടുതല്‍ പ്രതികളുടെ അറസ്‌റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഈ കേസിൽ ഏഴുപേരെ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എസ് ഷംസുദ്ദീനാണ് കേസിന്‍റെ അന്വേഷണച്ചുമതല.
ആർഎസ്‌എസ്, എസ്‌ഡിപിഐ സംഘടനകളുടെ അക്രമണങ്ങളെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് ജില്ല കമ്മിറ്റി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി മണ്ഡലം കേന്ദ്രീകരിച്ച് പൊതുജനപങ്കാളിത്തത്തോടെ റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 25 മുതല്‍ 30 വരെയാണ് ഇടതുമുന്നണിയുടെ പ്രതിഷേധ പരിപാടികള്‍.