മലപ്പുറം: ചാലിയാർ പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. വെള്ളി പറമ്പ് അഞ്ചാം മൈൽ സ്വദേശി തലക്കുളങ്ങര മേത്തൽ പ്രജീഷി(37)നെയാണ് കാണാതായത്. ഊർക്കടവ് കവണക്കല്ല് പാലത്തിന് അടിയിൽ മത്സ്യം പിടിക്കാൻ എത്തിയതായിരുന്നു യുവാവ്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് ഇയാൾക്കായി തെരച്ചില്‍ ആരംഭിച്ചു.
കൊണ്ടോട്ടി തഹസിൽദാർ പി ഉണ്ണികൃഷ്ണൻ, വാഴക്കാട് എസ് ഐ തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുഴയില്‍ പാലത്തിനരികിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ന് രാവിലെ 11:30-ഓടെയാണ് യുവാവിനെ കാണാതായത്. യുവാവിന്‍റേതെന്ന് സംശയിക്കുന്ന പണവും ചെരുപ്പും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.