മലപ്പുറം: എടക്കരയിൽ യുവാവിനെ പണിതീരാത്ത വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ എടക്കര കാപ്പുണ്ടയിലാണ് സംഭവം. എടക്കര പാർളിയിലെ വിപിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്.
എടക്കര പൊലീസും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദേശത്തുള്ള സഹോദരി എടക്കര കാപ്പുണ്ടയിൽ നിർമിക്കുന്ന ക്വാർട്ടേഴ്‌സിലാണ് ഇന്നലെ വൈകുന്നേരം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തമായി കെട്ടിടങ്ങളുള്ള ഇയാൾക്ക് സാമ്പത്തിക ബാധ്യതയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ പാർളിയിൽ താമസിക്കുന്ന മാതൃസഹോദരി പുത്രൻ സന്തോഷിനൊപ്പമാണ് വിപിന്‍റെ താമസം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.