മലപ്പുറം: രാഹുൽ ഗാന്ധി എംപി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ച മെഡിക്കൽ ഉപകരണങ്ങൾ തിരിച്ചയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. മെഡിക്കൽ ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റു. ആശുപത്രി കെട്ടിടത്തിന്‍റെ ഗ്ലാസും തകർന്നിട്ടുണ്ട്.
ഫെബ്രുവരി ഒൻപതിനാണ് രാഹുൽ ഗാന്ധി എംപി വണ്ടൂർ താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്‍ററിലേക്ക് അയച്ച 35 ലക്ഷം വിലവരുന്ന ഉപകരണങ്ങളടങ്ങിയ കണ്ടെയ്‌നർ മെഡിക്കൽ ഓഫിസർ തിരിച്ചയച്ചത്. കേന്ദ്രം ആരംഭിക്കാൻ വേണ്ട സൗകര്യങ്ങളായിട്ടില്ലെന്ന് പറഞ്ഞാണ് മെഡിക്കൽ ഓഫിസർ കണ്ടെയ്‌നർ മടക്കി അയച്ചത്. ഇക്കാര്യമറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എ മുബാറക്ക് ഫെബ്രുവരി ഒൻപതിന് അധികൃതരുമായി ബന്ധപ്പെട്ട് കണ്ടെയ്‌നർ മടങ്ങിപ്പോകുന്നത് തത്‌ക്കാലം തടയുകയായിരുന്നു. നിലവിൽ കണ്ടെയ്‌നർ വടകര ഭാഗത്ത് ഹൈവേയിൽ കിടക്കുകയാണ്.
വണ്ടൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസർ കണ്ടയിനർ തിരിച്ചയച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
രാഹുൽ ഗാന്ധി എംപി വണ്ടൂർ താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്‍ററിലേക്ക് അയച്ച 35 ലക്ഷം വിലവരുന്ന ഉപകരണങ്ങളടങ്ങിയ കണ്ടെയ്‌നർ മെഡിക്കൽ ഓഫിസർ തിരിച്ചയച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കൽ ഓഫിസർക്കെതിരെ നടപടി വേണമെന്ന് എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മൂന്നംഗ കമ്മറ്റിക്ക് അന്വേഷണ ചുമതല നൽകിയതായും റിപ്പോർട്ട് കിട്ടിയാൽ കർശന നടപടിയെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ എ മുബാറക്ക് പറഞ്ഞു.
ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന എച്ച്എംസി യോഗത്തിലാണ് മെഡിക്കൽ ഓഫിസർക്കെതിരെ രൂക്ഷമായ വിമർശനമുണ്ടായത്.