മലപ്പുറം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രണയാഭ്യർഥന നടത്തി ദൃശ്യം ഫോണിൽ പകർത്തിയതിനെത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തിരുന്ന ഇയാൾ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പലതവണ പെൺകുട്ടിയെ ശാരീരികമായി അക്രമിച്ചിരുന്നു. തുടർന്നാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയും ചെയ്തത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തിൽ യുവാവിനെതിരെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ യുവാവാ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ലഹരിക്കടിമയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. യുവാവ് ശല്യം ചെയ്യുന്നതായി കാണിച്ച് പെണ്‍കുട്ടി മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇയാൾക്ക് നേരത്തെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പറയുന്നു.
പ്രതിയുമായി പിരിഞ്ഞ പെൺകുട്ടി നിക്കാഹ് കഴിച്ചെങ്കിലും വരനെ ഭീഷണിപ്പെടുത്തി വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. പെണ്‍കുട്ടിക്ക് നിയമസഹായം നല്‍കുന്ന ബന്ധു നൗഷാദിനെയും യുവാവ് ആക്രമിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം എസ്പിക്ക് പെൺകുട്ടിയും മാതാവും പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.