മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖിനെയാണ് ( 26) പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. 2018-19 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി വിവാഹിതയായ മറ്റൊരു വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് ക്രൈം സ്ക്വാഡ് പിടികൂടുകയായിരുന്നു. പ്രതിയെ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.