മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് ടെറസിൽ നിന്ന് വീണ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ. ഒതളൂർ കറുപ്പത്ത് വീട്ടിൽ ഷഫീഖിനെയാണ് സഹോദരൻ സാദിഖ് സമയോചിത ഇടപെടലിലൂടെ രക്ഷിച്ചത്. ഞായറാഴ്‌ച (31.07.2022) വീടിന്‍റെ ടെറസ് ശുചിയാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഷഫീഖ് ടെറസിൽനിന്ന് വീഴുന്നതും സഹോദരൻ സാദിഖ് ഷഫീഖിനെ കൈപ്പിടിയിലാക്കി രക്ഷപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളില്‍. തുടര്‍ന്ന് ഇരുവരും നിലത്തുവീഴുന്നുണ്ട്. എന്നാല്‍ കാര്യമായ പരിക്കുകളില്ല.
ഇരുനില വീട് ശുചിയാക്കുന്നതിനായി, താഴെ നിന്ന് സാദിഖ് സഹോദരൻ ഷഫീഖിന് വെള്ളം പമ്പ് ചെയ്‌ത് കൊടുക്കുന്നതിനിടെയാണ് ഷഫീഖ് മുകളിൽ നിന്നും താഴേക്ക് തെന്നി വീണത്. ഇത് കണ്ട സാദിഖ് ഉടൻ തന്നെ കൈകള്‍ നീര്‍ത്തിപ്പിടിച്ച് ഷഫീഖിന് തുണയാവുകയായിരുന്നു.