മലപ്പുറം: രണ്ടു പ്രളയങ്ങളിൽ സംഭവിച്ച ലക്ഷങ്ങളുടെ നഷ്‌ടങ്ങളെ അതിജീവിച്ച് വീണ്ടും കാർഷിക രംഗത്ത് സജീവമാവുകയാണ് എടക്കരയിലെ യുവ കർഷകനും കുടുംബവും. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ സ്വദേശിയായ വിവേകാനന്ദനും കുടുംബവുമാണ് പ്രളയ നഷ്‌ടങ്ങളെ അതിജീവിച്ച് വീണ്ടും കൃഷിയിറക്കിയത്.
മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലായി 25 ഏക്കർ പാട്ട ഭൂമിയിലാണ് വിവേകാനന്ദന്‍റെ ഇത്തവണത്തെ കൃഷി. കപ്പ, വാഴ, നെല്ല്, പച്ചക്കറികൾ തുടങ്ങിയ ഹൃസ്വകാല കൃഷികളാണ് ഇവർ നടത്തി വരുന്നത്. രണ്ടു തവണയായി ഏക്കർ കണക്കിന് കൃഷി നശിച്ചിട്ടും സർക്കാരിന്‍റെ ധന സഹായങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വർഷം ചില വിളകൾക്ക് ഇൻഷ്വർ ചെയ്‌തിരുന്നങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
കൃത്യമായി വിളവെടുപ്പ് നടന്നാൽ ഹൃസ്വകാല കൃഷിയാണ് ഏറ്റവും ലാഭകരമെന്നും ഇവർ പറയുന്നു. എടക്കര സർക്കാർ സ്‌കൂളിലെ അധ്യാപികയായ ഭാര്യ അനിതയും അമ്മ കുഞ്ഞിമോളും സഹോദരൻ കുഞ്ഞി കൃഷ്‌ണനുമെല്ലാം കൃഷിയിൽ വിവേകാനന്ദന്‍റെ സഹായികളാണ്.