മലപ്പുറം: കേരള വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കുന്നത് തികഞ്ഞ അവഗണനയെന്ന് വർക്‌ഷോപ്പ് തൊഴിലാളികൾ. ഇതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ് കേരള (എഎഡിബ്ല്യുകെ) ജില്ല കമ്മിറ്റിയുടെ ആഭിമുമുഖ്യത്തില്‍ കലക്‌ടറേറ്റിന് മുന്നിലും മലപ്പുറം ക്ഷേമിനിധി ഓഫീസിന് മുന്നിലും വർക്‌ഷോപ്പ് തൊഴിലാളികൾ നില്‍പ്പ് സമരം നടത്തി.
ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യം
സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് നില്‍പ്പ് സമരം നടത്തിയത്. 2004 മുതല്‍ ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അഞ്ചു കോടി രൂപയോളം അംശാദായം അടച്ചെങ്കിലും കാര്യമായ ഒരാനുകൂല്യവും അംഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
ഇതര തൊഴില്‍ വിഭാഗങ്ങളെ പോലെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് 36 വര്‍ഷമായി സംഘടന ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രണ്ടിടങ്ങളിലായി നിൽപ്പ് സമരം
കലക്‌ടറേറ്റിന് മുന്നിൽ നടന്ന സമരം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി കബീര്‍ പൊന്നാനി, ജില്ല ട്രഷറര്‍ ഒ.കെ. ശ്രീനിവാസന്‍, പ്രകാശ് പുലാമന്തോൾ, സൈനു തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം മലപ്പുറം ക്ഷേമിനിധി ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്‍റ് അച്ചുതന്‍ തിരുന്നാവായ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം യൂണിറ്റ് പ്രസിഡന്‍റ് മണികണ്ഠ പ്രകാശ്, സെക്രട്ടറി ഗിരീഷ്, ട്രഷറര്‍ അനീഷ് ബാബു തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.