മലപ്പുറം: നിലമ്പൂരിൽ കണക്കൻകടവിൽ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കൽ പരശുറാംകുന്നത്ത് ആയിശ (63)യാണ് മരിച്ചത്. വനാതിർത്തിയോട് ചേർന്ന പ്രദേശത്തെ വീട്ടിൽ ആയിശ ഒറ്റയ്‌ക്കാണ് താമസം.
ആയിശയുടെ ഭർത്താവിന്‍റെ അനുജൻ അസൈനാർ ഇന്ന് രാവിലെ ടാപ്പിങിന് പോകുമ്പോഴാണ് വീടിന് പുറത്ത് മൃതദേഹം കിടക്കുന്നത് കണ്ടത്. മൃതദേഹം കിടന്നതിന് സമീപത്ത് ആനയുടെ കാൽപ്പാടുകളുമുണ്ട്. കാട്ടാനയുടെ ചവിട്ടേറ്റ് ആന്തരികാവയവങ്ങൾ പുറത്ത് വന്ന സ്ഥിതിയിലാണ്.
വീടിന് പുറത്ത് ഇറങ്ങിയ സമയത്ത് കാട്ടാനയുടെ മുന്നിൽപ്പെട്ടതാകാനാണ് സാധ്യത. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാട്ടാന ആക്രമണം വ്യാപകമായ മേഖലയാണിത്. കാട്ടാന ആക്രമണത്തിൽ നാളുകളായി പ്രദേശവാസികൾ ദുരിതത്തിലാണ്. നിലമ്പൂർ എംഎൽഎ എ.പി അനിൽകുമാർ സംഭവസ്ഥലം സന്ദർശിച്ചു.