മലപ്പുറം: നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഒതുക്കങ്ങള്‍ സ്വദേശിയായ യുവതിയാണ് ആരോപണം ഉന്നയിച്ചത്.
കോട്ടക്കല്‍ കങ്കുവട്ടി സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ 5നായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം കോട്ടക്കലിലുള്ള ഭര്‍തൃ വീട്ടില്‍ വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഐപിസി 377 വകുപ്പ് പ്രകാരം 65/21 ക്രൈം നമ്പറായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പരാതിക്കാരിക്ക് സ്‌ത്രീധനമായി നൽകിയ 44 പവൻ സ്വർണം ഭർത്താവും വീട്ടുകാരും എടുക്കുകയും വീണ്ടും പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സ്‌ത്രീധന പീഡന പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഐപിസി 498 എ, 406, 323 വകുപ്പുകള്‍ പ്രകാരം കേസ് നിലവിലുണ്ട്.
എന്നാൽ ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഭർത്താവിന്‍റെ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യുവതി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസിന്‍റെ നിലപാടിൽ താനും കുടുംബവും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവതി ചൂണ്ടിക്കാട്ടി.
അറിയിപ്പ്:- വാര്‍ത്തയിലെ പരാതിക്കാരിയുടെ സ്വകാര്യത മാനിച്ച്, ചിത്രമോ പേരോ തിരിച്ചറിയുന്ന മറ്റു കാര്യങ്ങളോ ഞങ്ങള്‍ നല്‍കുന്നില്ല
Also Read: കോടിയേരിയുടെ പ്രസ്‌താവന ആർഎസ്എസിന് മാന്യത നൽകുന്നത്: എസ്‌ഡിപിഐ