മലപ്പുറം: കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയ വൈലശ്ശേരി നിവാസികള്‍ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.മനോഹരൻ്റെ നേതൃത്വത്തില്‍ അകമ്പാടം വനം സ്റ്റേഷന്‍ ഉപരോധിച്ചു. മേഖലയില്‍ ചൊവ്വാഴ്‌ച കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശവാസികളും പഞ്ചായത്ത് ഭരണ സമിതിയും ഉപരോധം സംഘടിപ്പിച്ചത്. മേഖലയില്‍ നാശം വിതക്കുന്ന കാട്ടാനകളെ ഉടനടി തുരത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ഡിഎഫ്ഒ വരാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ എടവണ്ണ റെയ്ഞ്ച് ഓഫിസർ റഹീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 15 ദിവസത്തിനുള്ളിൽ ശല്യകാരനായ ഒറ്റയാനെ ഉൾവനത്തിലേക്ക് തിരിച്ചയക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് റെയ്‌ഞ്ച് ഓഫിസര്‍ ഉറപ്പ് നല്‍കി. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ജനങ്ങളുമായി സഹകരിച്ചായിരിക്കും.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിന് ഫെബ്രുവരി 22ന് ചാലിയാർ പഞ്ചായത്തിൽ യോഗം ചേരുമെന്നും കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ എത്താതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതോടെയാണ് സംഘം സമരം അവസാനിപ്പിച്ചത്. മേഖലയില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ 30 ലേറെ പേര്‍ സമരത്തില്‍ പങ്കെടുത്തു. ചാലിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത ദേവദാസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സഹില്‍, അകമ്പാടം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു.