മലപ്പുറം: കാട്ടുപോത്തിനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയൻ (30), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പായി മുഹമ്മദാലി (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 2021 ഒക്ടോബറിലാണ് സംഭവം.
വനംവകുപ്പ് നിയോഗിച്ച ഷാഡോ ടീമിൻ്റെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. കരുളായി റേഞ്ച് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടുക്ക വനം ഡിവിഷനിലെ ന്യൂ അമരമ്പലം റിസർവ് വനത്തിൽ നിന്നാണ് മൂന്നംഗ സംഘം കാട്ടുപോത്തിനെ വേട്ടയാടി പിടിച്ചത്. തുടർന്ന്, മാംസം പലർക്കായി വിറ്റു. ഇതാണ് കേസിനാസ്‌പദമായ സംഭവം.
വേട്ടയാടല്‍ ജാമ്യമില്ലാത്ത കുറ്റം: 1972ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി പരിപാലിച്ചുപോരുന്ന മൃഗമാണ് കാട്ടുപോത്ത്. ഇവയെ വേട്ടയാടുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വനത്തിൽ ഉപേക്ഷിച്ച കാട്ടുപോത്തിൻ്റെ അവശിഷ്‌ടങ്ങൾ വനം അധികാരികൾ കണ്ടെത്തിയിരുന്നു.
തുടർന്ന്, വനം അധികൃതർ കുറ്റക്കാരെ കണ്ടെത്തുന്നതിനായി ഷാഡോ ടീമിനെ അണിനിരത്തിയാണ് അന്വേഷണത്തിനിറങ്ങിയത്. കാടുകയറുന്ന ആദിവാസികളെ നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് വെളിച്ചം വീശിയത്. അറസ്റ്റുചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
സംഭവത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.എൻ നജ്‌മൽ അമീൻ അറിയിച്ചു. വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എ.എസ് ബിജു, വനം സെക്ഷൻ ഓഫിസർ പി.എൻ അബ്‌ദുല്‍ റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.പി രതീഷ്, എസ് ശരത്, കെ.കെ രശ്‌മി, എം.ജെ മാനു, കെ സരസ്വതി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.