മലപ്പുറം: മാവോയിസ്റ്റ് പരിശോധനക്കിടെ തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ എഎസ്‌ഐ ഡാനീഷ് കുര്യന് (44) സാരമായി പരിക്കേറ്റു. അദ്ദേഹത്തെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ കരുളായി റേഞ്ചിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുലിമുണ്ട-മഞ്ഞിക്കടവ് വനപാതയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
എഎസ്‌ഐയുടെ നേത്യത്വത്തിൽ 12 അംഗ സംഘം നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. കൂടെയുള്ളവർ ബഹളം വെച്ചതോടെയാണ് കാട്ടാന പിൻതിരിഞ്ഞ് പോയത്. മാവോയിസ്റ്റ് വേട്ടക്കായി ഇന്ന് രാവിലെ 6.30തോടെയാണ് തണ്ടർബോൾട്ട് സംഘം നെടുങ്കയം ചെക്ക് പോസ്റ്റ് കടന്ന് കരുളായി വനമേഖലയിൽ പ്രവേശിച്ചത്.