മലപ്പുറം: പശ്ചിമ ബംഗാൾ സ്വദേശിനിയെ നാട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ കാജു (24) ആണ് ഗുരുഗ്രാമിലെ ചേരിയിൽ വച്ച് കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിലായത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന സ്ത്രീയെയാണ് കാജു ഗുരുഗ്രാമിൽ വച്ച് പീഡനത്തിനിരയാക്കിയത്.
സ്ത്രീയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പ്രതിയുടെ കയ്യിൽ നിന്ന് രക്ഷപെട്ട സ്ത്രീയെ പൊലീസ് കണ്ടെത്തി. തുടർന്ന് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം സ്ത്രീ വെളിപ്പെടുത്തുന്നത്.
സ്ത്രീയെ പ്രതി പശ്ചിമ ബംഗാളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ചേരിയിൽ എത്തിച്ച് പത്ത് ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു. കൊണ്ടോട്ടി സബ് ഇൻസ്‌പെക്‌ടർ അബ്‌ദുൾ അസീസ് കാര്യോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഗുരുഗ്രാമിൽ നിന്ന് പിടികൂടിയത്.