മലപ്പുറം: ചെറുകാവ് പെരിയമ്പലം ചേലക്കാട് കുന്നിലെ കുടിവെള്ള ക്ഷാമത്തിന് അറുതിയില്ല. കുടിവെള്ളം ക്ഷാമം കാരണം ദുരിതം പേറുന്ന ഇവർ ചീക്കോട് കുടിവെളള പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. തൊട്ടടുത്ത് വരെ പൈപ്പ്ലൈന്‍ എത്തിയിട്ടും ഇവർക്ക് കണക്ഷന്‍ ലഭിച്ചിട്ടില്ല. ചെറുകാവ് പഞ്ചായത്തിലും കലക്‌ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് അമ്പതിലേറെ വരുന്ന കുടുംബങ്ങൾ. വേനൽ തുടങ്ങുന്നതോടെ പ്രദേശത്തെ കിണറുകൾ വറ്റി തുടങ്ങും. സർക്കാർ ഫണ്ട് ഉപയോഗിച്ച് കുഴൽ കിണറുകൾ നിർമിച്ചെങ്കിലും വെള്ളമില്ലാത്ത അവസ്ഥയാണ്. വേനലില്‍ വെള്ളം കിട്ടാതാവുന്നതോടെ പണം കൊടുത്ത് വെള്ളം വാങ്ങണം. നിർദ്ധന കുടുബങ്ങൾക്ക് അതിനുളള സാമ്പത്തിക ശേഷിയില്ലാത്തത് പ്രയാസം സൃഷ്‌ടിക്കുന്നതായി നാട്ടുകാരന്‍ താമി പറഞ്ഞു.
പെരിയമ്പലം അങ്ങാടിയിൽ കൂടി കടന്ന് പോകുന്ന ചീക്കോട് കുടിവെളള പദ്ധതിയിൽ നിന്ന് കണക്ഷൻ നീട്ടി കിട്ടണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം. നിലവിൽ ദൂരദിക്കുകളിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. അവിടെയും കിണറുകൾ വറ്റി തുടങ്ങിയ അവസ്ഥയാണ്.