മലപ്പുറം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍. അരീക്കോട് കൈപ്പകുളം ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. വർഷങ്ങളായി ഇവിടെ ഈ അവസ്ഥയാണ് തുടരുന്നത്. റോഡിന്‍റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സർവീസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. വെള്ളക്കെട്ട് കാരണം മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് റോഡ് കഴിഞ്ഞവർഷം റീ ടാർ ചെയ്തു. എങ്കിലും മഴക്കാലത്തിന് മുമ്പ് തന്നെ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് റോഡ് കുണ്ടും കുഴിയുമായി. നാട്ടുകാരും ഡ്രൈവർമാരും നിരന്തരം പരാതി നൽകിയിട്ടും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. പ്രദേശത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചതായും നാട്ടുകാര്‍ പറയുന്നു.