മലപ്പുറം: എടവണ്ണയിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. എടവണ്ണ കൃഷി ഓഫീസിലാണ് സംഘം പരിശോധന നടത്തിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റി എന്ന ഒതായി സ്വദേശി തെക്കെതൊടിക റിയാസിന്‍റെ പരാതിയിലാണ് വകുപ്പുതല വിജിലൻസ് തിരുവനന്തപുരം വിഭാഗം പരിശോധന നടത്തിയത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു. കൃഷി ഓഫീസിലാണ് സംഘം ആദ്യ പരിശോധന നടത്തിയത്.
പഞ്ചായത്ത് പരിധിയിൽ 2018ലെ ഉത്തരവിന്‍റെ മറവിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി വ്യാപകമായി തരംമാറ്റി എന്നാണ് പരാതി. അപേക്ഷിക്കാതെ ഭൂമി വരെ തരം മാറ്റി നൽകിയതായും പരാതിയിൽ പറയുന്നുണ്ട്.വിജിലൻസ് തിരുവനന്തപുരം വിഭാഗം ഓഫീസർ കെ വി സുകുമാരൻ, ജൂനിയർ സൂപ്രണ്ട് വിനോദ്, സീനിയർ ക്ലർക്ക് ഗൗരിശങ്കർ, ദീപു ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധന ഇനിയും തുടരാനാണ് സാധ്യത. കൃഷി ഓഫീസിൽ നിന്നും കൂടുതൽ രേഖകളും വിജിലൻസ് വിഭാഗം ശേഖരിച്ചു. പരാതിയിൽ പറഞ്ഞ സ്ഥലങ്ങളും സംഘം പരിശോധിക്കുമെന്നും സൂചനയുണ്ട്. വിലപ്പെട്ട വിവരങ്ങൾ വിജിലെൻസ് വിഭാഗത്തിന് ലഭിച്ചതായി അറിയുന്നു.