മലപ്പുറം : എടക്കരയില്‍ ചാലിയാർ പുഴയിൽ നിന്ന് അതിസാഹസികമായി രാജവെമ്പാലയെ പിടികൂടി. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ രാജവെമ്പാലയെയാണ് ഈ പ്രദേശത്തുനിന്ന് വനപാലകരുടെ നേതൃത്വത്തിൽ പിടികൂടുന്നത് .
പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി മാളകം കടവിൽ നിന്നാണ് ബുധനാഴ്‌ച രാവിലെ എട്ടര മണിയോടെ രാജവെമ്പാലയെ പിടികൂടിയത്. രാവിലെ പുഴയിൽ കുളിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്. തുടർന്ന് ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
Also read: ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഉറപ്പ് വരുത്തൽ; വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി
പോത്തുകൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും പാമ്പ് പിടുത്തത്തിൽ വിദഗ്‌ധ പരിശീലനം നേടിയ വാച്ചർ ദിനേശൻ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു.
ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പുഴയിൽനിന്ന് വാച്ചർ ദിനേശൻ പിടികൂടുന്ന കാഴ്ച ആരെയും ഭയപ്പെടുത്തും. 10 അടിയോളം നീളമുള്ള പാമ്പിനെ അതിസാഹസികമായാണ് വെള്ളത്തിൽ നിന്ന് പിടികൂടിയത്. തുടര്‍ന്ന് ഇതിനെ വനപാലകരുടെ നേതൃത്വത്തിൽ വഴിക്കടവിലെ ആവാസകേന്ദ്രത്തിൽ വിട്ടയച്ചു.