മലപ്പുറം: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച തൊഴില്‍ ക്ഷമതയുമായി എത്തുന്ന മനുഷ്യ വിഭവശേഷി നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ സമ്പത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഴക്കാട് ഗവ ഐ.ടി.ഐ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മാണി, വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ഈ അക്കാദമിക് വര്‍ഷം ആദ്യഘട്ടമെന്ന നിലയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ ആറ് യൂണിറ്റുകളിലായി 132 ട്രെയിനികള്‍ക്കാണ് പ്രവേശനം നല്‍കുക. 14 സ്ഥിരം തസ്തികളും മൂന്ന് താല്‍കാലിക തസ്തികളോടും കൂടിയാണ് ഐ.ടി.ഐ ആരംഭിക്കുന്നത്. സ്വന്തം കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒന്നരക്കോടി അനുവദിച്ചിട്ടുണ്ട്. വാഴക്കാട് ടൗണില്‍ ദാറുല്‍ ഉലൂം അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഈ അക്കാദമിക വര്‍ഷത്തില്‍ ഐടിഐ താല്‍കാലികമായി പ്രവര്‍ത്തനം ആരംഭിക്കുക. ഐടിഐ തുടങ്ങാന്‍ ആവശ്യമായ രണ്ട് ഏക്കര്‍ സ്ഥലം വാഴക്കാട് പഞ്ചായത്ത് കൈമാറിയിട്ടുണ്ട്.
വാഴക്കാട് ദാറുസലാം കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ടി.വി ഇബ്രാഹിം എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മലയില്‍ അബ്ദു റഹിമാന്‍ മാസ്റ്റര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷെജിനി ഉണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.