മലപ്പുറം: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലാവുകയാണ് വാഴക്കാട്ടെ കണിവെള്ളരി കർഷകർ. എല്ലാ വര്‍ഷവും 15 ടൺ വരെ കണിവെള്ളരി കയറ്റുമതി ചെയ്യുന്ന കർഷകരാണ് ഇപ്പോൾ വിപണിയില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പത്ത് ഏക്കർ സ്ഥലത്ത് 30 കർഷകർ ചേർന്ന് നട്ടുനനച്ചുണ്ടാക്കിയ വെള്ളരി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.
അരുണിമ ക്ലസ്റ്ററിന് കീഴിൽ മുപ്പത് കർഷകർ ചേർന്നാണ് വിഷുവിന് കണിയൊരുക്കാനായി തത്തൻങ്ങോടും മപ്രത്തുമെല്ലാം വെള്ളരി കൃഷിയിറക്കിയത്. വിദേശത്തേക്കും കോഴിക്കോട് മാർക്കറ്റിലേക്കും ചില്ലറ കടകളിലും വിൽപന നടത്തുന്ന പതിവ് പക്ഷേ ഇത്തവണ സാധിച്ചില്ല. ലോക് ഡൗണിന് പിന്നാലെ വിമാനത്താവളം അടച്ചതും മറ്റുമാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്തത്.