മലപ്പുറം: നിലമ്പൂരിൽ വി.വി. പ്രകാശ് തന്നെ മത്സരിക്കുമെന്ന് സൂചന. ആര്യാടൻ മുഹമ്മദിന്‍റെ എതിർപ്പ് നിലനിൽക്കുമ്പോഴും വി.വി. പ്രകാശ് തന്നെ മത്സരിക്കട്ടെ എന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയതായാണ് വിവരം. അതേസമയം ടി. സിദ്ദിഖ് കൽപ്പറ്റയിൽ ജനവിധി തേടുമെന്നാണ് സൂചന.
അവസാന റൗണ്ടിൽ സംസ്ക്കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ലിസ്റ്റിൽ ഇല്ലെന്നാണ് സൂചന. ക്രിസ്ത്യൻ പ്രതിനിധ്യത്തിന്‍റെ കുറവ് പരിഹരിക്കാൻ കൽപ്പറ്റയിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തന്നെ താൽപര്യം കാണിക്കുകയായിരുന്നു. എന്നാൽ നിലമ്പൂരിൽ നിന്നും പ്രതിഷേധം ശക്തമായതോടെ സിദ്ദിഖിന് കൽപ്പറ്റയും വി. വി. പ്രകാശിന് നിലമ്പൂരും നൽകി.
ആര്യാടൻ ഷൗക്കത്തിന് സീറ്റ് ഉറപ്പിക്കാൻ ആര്യാടൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന ശ്രമം പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടിയാണ് ലിസ്റ്റിൽ നിന്നും ആര്യാടൻ ഷൗക്കത്തിന്‍റെ പേര് നീക്കം ചെയ്‌തതെന്നും സൂചനയുണ്ട്.