മലപ്പുറം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ശേഷം വി.ഡി സതീശൻ ആദ്യമായി പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച രാവിലെ 12 മണിയോടെയായിരുന്നു പ്രതിപക്ഷ നേതാവ് പാണക്കാട്ടെത്തി ലീഗ് നേതാക്കൾ ഉൾപ്പടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തിയത്.
സൗഹൃദപരമായ കൂടിക്കാഴ്‌ചക്കാണ് വിഡി സതീശൻ പാണക്കാട് എത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈദരലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ വി.ഡി സതീശന്‍റെ ആരോപണം
38 ദിവസമായി തുടരുന്ന ലോക്ക്ഡൗൺ ഇതുപോലെ തന്നെ തുടരണോ എന്ന് സർക്കാർ പരിശോധിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് ലോക്ക്‌ഡൗൺ സമൂഹത്തിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക്ഡൗൺ സമയത്ത് നിരവധി സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരം സഹായങ്ങൾ ഒന്നും ഉണ്ടായില്ല. പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിച്ച ശേഷമാണ് പലതും ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
മുട്ടില്‍ മരംമുറിക്കേസ്
മരം കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ആരുടെ തലയിലാണ് കുറ്റം ഇടേണ്ടത് എന്നാണ് ഭരണപക്ഷം ചർച്ച ചെയ്യുന്നത്. വനം കൊള്ളയിൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. യുഡിഎഫിലെ രണ്ട് നേതാക്കൾ മരം മുറിയുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സ്വീകരിക്കാൻ ഉപപ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ് എം.പി, ഉബൈദുള്ള എംഎൽഎ, മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു.
ALSO READ: പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ