മലപ്പുറം: ഊരുതല ഓൺലൈൻ പഠന കാമ്പയിനുമായി മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ. ഒന്ന് മുതൽ +2 വരെ പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഊരുതല ഓൺലൈൻ പഠന കാമ്പയിന്‍റെ പേര് ഊരും ഇക്കൂളും എന്നാണ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ പട്ടികവർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഉറപ്പുവരുത്തുന്നതിനായാണ് കാമ്പയിൻ നടത്തുന്നത്. ഊരിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കാമ്പയിനിന്‍റെ ലക്ഷ്യം.
മലപ്പുറം കുടുംബശ്രീ ജില്ല മിഷന്‍റെ കീഴിൽ നടപ്പിലാക്കുന്ന പട്ടികവർഗ പ്രത്യേക പദ്ധതിയുടെ നേതൃത്വത്തിൽ ആണ് ക്യാമ്പയിൻ ആരംഭിച്ചത്. ഊരിലെ രക്ഷിതാക്കളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, അയൽക്കൂട്ടങ്ങൾ, യുവജന ക്ലബ്ബുകൾ, പൊതു സംവിധാനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. കാമ്പയിന്‍റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടന്നു. നിലമ്പൂർ പട്ടികവർഗ പ്രത്യേക പദ്ധതി കോ ഓർഡിനേറ്റർ മുഹമ്മദ് സാനു പഠനോപകരണങ്ങൾ വിതരണം ചെയ്തു.