മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് നിലമ്പൂർ മണ്ഡലത്തിൽ വാശിയേറും. മണ്ഡലത്തിൽ ആധിപത്യം നിലനിർത്താൻ പി.വി.അൻവർ എം.എൽ.എ യുടെ നേതൃത്വത്തിൽ എൽ.ഡി.എഫും നിലമ്പൂർ നഗരസഭയിൽ ഉൾപ്പെടെ ആധിപത്യം നിലനിറുത്താൻ ആര്യാടൻ ഷൗക്കത്ത് മറുവശത്തും മത്സരിക്കും. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുളായി, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകൾ എൽ.ഡി.എഫ് വിജയിച്ചപ്പോൾ അമരമ്പലം, ചുങ്കത്തറ, പോത്തുകൽ, എടക്കര പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നേടി. എന്നാൽ പീന്നീട് കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കാരണം പോത്തുകല്ലും അമരമ്പലവും യു.ഡി.എഫിന് നഷ്ടമായി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിന്‍റെ തട്ടകമായ നിലമ്പൂരിലുൾപ്പെടെ വലിയ ഭൂരിപക്ഷത്തിലാണ് പി.വി.അൻവർ വിജയിച്ചത്. ഇവിടങ്ങളിലെ 29 വർഷത്തെ യു.ഡി.എഫ് ആധിപത്യമാണ് അന്ന് തകർന്നത്. അതുകൊണ്ട് തന്നെ പി.വി.അൻവർ എം.എൽ.എക്ക് തന്‍റെ ജനപിന്തുണ നിലനിറുത്തേണ്ടത് അനിവാര്യമാണ്. അതേസമയം യു.ഡി.എഫിനും തങ്ങളുടെ ജനപിന്തുണ തെളിയിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.