മലപ്പുറം: ജില്ലയില്‍ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിന് സമീപം അജ്ഞാത സംഘം കോഴി മാലിന്യം തള്ളി. മമ്പാട് രുദിരകുളത്താണ് മാലിന്യം തള്ളിയത്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. മമ്പാട് ഓടായിക്കൽ ജനകീയ സമിതിയുടെ പരാതിയിൽ മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍ സി.ടി ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടര്‍ എം പ്രഭാകരൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
സ്ഥലം ഉടമക്കെതിരെ പകർച്ചവ്യാധിക്ക് കാരണമാകും വിധം മാലിന്യം നിക്ഷേപിച്ചതിന് പൊതുജന ആരോഗ്യനിയമ പ്രകാരം നോട്ടീസ് നൽകി. അടിയന്തര നടപടികൾക്കായി അധികൃതരുടെ റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി. നിർദേശം ലംഘിക്കുന്ന പക്ഷം പ്രോസിക്യൂഷൻ നടപടികൾക്കായി കോടതിക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു. കോഴി മാലിന്യം വ്യാപകമായി തള്ളിയതോടെ ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് ജനകീയ സമിതി പരാതിയുമായി രംഗത്ത് വന്നത്. അജ്ഞാത സംഘം വടപുറം മേഖലകളിലും മുൻപ് കോഴി മാലിന്യം തള്ളിയിരുന്നു. ജനവാസ കേന്ദ്രമായ മുജാഹിദ് കോളനി ഭാഗത്തോട് ചേർന്നായിരുന്നു അന്ന് മാലിന്യം തള്ളിയത്.