മലപ്പുറം: ഉംറ തീർഥാടകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കൊവിഡ് 19 അറബ് രാഷ്ട്രങ്ങളിലും പടരുന്ന സാഹചര്യത്തിലാണ് വിലക്ക്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടാനൊരുങ്ങിയ ഉംറ തീർഥാടകരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കി. 167 പേരാണ് ഇന്ന് പുലർച്ചെ കരിപ്പൂരിൽ നിന്നും ഉംറക്കായി പുറപ്പടേണ്ടിയിരുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും സൗദി വിലക്ക് ഏർപ്പെടുത്തി.
ഇന്നലെ രാത്രിയോടെയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഉംറ തീർഥാടനത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കുണ്ട്. സൗദിക്ക് പുറത്തുള്ള സൗദി പൗരന്മാർക്കും കൊവിഡ് 19 ബാധിതനല്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ. ഉത്തരവ് വന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ വിമാന സർവീസുകൾ റദ്ദാക്കി.