മലപ്പുറം: ജന്മനാശരീരം തളര്‍ന്ന ആദിവാസി യുവാവും വൃദ്ധമാതാപിതാക്കളും ദുരിതത്തില്‍. പോത്തുകല്‍ ചെമ്പ്ര കാട്ടുനായ്ക്ക കോളനിയിലെ മുപ്പതുകാരന്‍ ചെറിയ ചെല്ലനും മാതാപിക്കളുമാണ് രോഗാവസ്ഥ മൂലം ദുരിതത്തിലായിരിക്കുന്നത്. ജനിതക തകരാറും പോഷഹാരക്കുറവുമാണ് ചെറിയ ചെല്ലനെ തളർത്തിയത്. മന്തന്‍ (90), മാതി (80) ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഇളയവനാണ് ചെറിയ ചെല്ലന്‍. മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു. മറ്റുളളവര്‍ വേറെ വീടുകളിലാണ് താമസിക്കുന്നത്.
ജന്മനാ കൈകാലുകള്‍ ചുരുണ്ടും ശരീരം തളര്‍ന്ന അവസ്ഥയിലുമാണ് ചെല്ലന്‍. പരസഹായംകൂടാതെ ഒന്നനങ്ങാന്‍ പോലും ഇയാള്‍ക്കാവില്ല. മാതാപിതാക്കളാണ് ചെല്ലനെ പരിപാലിച്ചുവരുന്നത്. ചെല്ലനെ രാവിലെ വീടിന് പുറത്തത്തെിച്ച് കുളിപ്പിച്ച് ഭക്ഷണം നല്‍കി വീടിന് പുറത്തെ മരത്തണലില്‍ കിടത്തിയാണ് മാതാപിതാക്കളിലൊരാള്‍ വിറക് ശേഖരിക്കാനും സാധനങ്ങള്‍ വാങ്ങാനും പോയിരുന്നത്. എന്നാല്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഇപ്പോള്‍ വിറകും വനവിഭവങ്ങളും ശേഖരിക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ .
ഒരു സന്നദ്ധ സംഘടന നല്‍കിയ വീല്‍ചെയറിലാണ് ചെല്ലനിപ്പോള്‍ പകല്‍ സമയം വീടിന് പുറത്ത് ചെലവഴിക്കുന്നത്. മൂന്നടിയോളം ഉയരത്തില്‍ നില്‍ക്കുന്ന വീട്ടില്‍ നിന്ന് രാവിലെ ചെല്ലനെ എടുത്ത് പുറത്തേക്ക് എത്തിക്കുന്നതും രാത്രി തിരിച്ച് വീടിനുള്ളിലേക്ക് കയറ്റുന്നതും വൃദ്ധമാതാപിതാക്കള്‍ തന്നെയാണ്. വൃദ്ധരും രോഗികളുമായതിനാല്‍ ഇവരിപ്പോള്‍ ചെല്ലനെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. കോളനിയില്‍ വെള്ളമില്ലാതായതോടെ ദുരിതം ഇരട്ടിയായി. നൂറ് മീറ്റര്‍ അകലെ കുത്തനെയുള്ള ഇറക്കത്തില്‍ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവരേണ്ട അവസ്ഥയാണിപ്പോള്‍.
ഇവര്‍ താമസിക്കുന്ന വീട് നിര്‍മിച്ചിട്ട് 25 വര്‍ഷത്തിലേറെയായി. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വീടിന്‍റെ ഭിത്തിയും വാതിലും ഒരു വര്‍ഷം മുമ്പ് കാട്ടാന തകര്‍ത്തു. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീട്ടിലാണ് ഈ മൂന്നംഗ കുടുംബം താമസിക്കുന്നത്. പ്രളയശേഷം ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വിവിധ സംഘടനകളും സര്‍ക്കാരും നല്‍കിയതിനാല്‍ പട്ടിണിയില്ലാതെ കഴിയുന്നു. സുരക്ഷിതമായ ഒരു പുതിയ വീട് വേണമെന്നാണ് മന്തന്‍റെ ആവശ്യം. വീല്‍ചെയര്‍ വീടിനുള്ളിലേക്ക് കയറ്റാന്‍ റാമ്പ് സൗകര്യത്തോടെയുള്ള വീടുണ്ടെങ്കില്‍ പരസഹായമില്ലാതെ ചെല്ലനെ വീടിന് പുറത്തേക്കിറക്കാനും അകത്തേക്ക് കയറ്റാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ആദിവാസി വൃദ്ധന്‍. തങ്ങള്‍ അവശരായാല്‍ ചെല്ലനെ ആര് പരിപാലിക്കും എന്നതും ഇവരെ ആശങ്കിയിലാക്കുന്നുണ്ട്.